ഒരിക്കൽഒരിടത്തു്…

…. അതെ..തുടക്കം ഒരിക്കൽ ഒരിടത്തു നിന്നും ആകാം.മുത്തശ്ശി കഥകൾ എപ്പോഴും തുടങ്ങുന്നത് അങ്ങനെയല്ലേ ? പക്ഷേ ഞാൻ പറയുന്നത് മുത്തശ്ശി കഥ ആണോ? പക്ഷേ ഈ കഥയിൽ മുത്തശ്ശിയുണ്ട്, അമ്മമ്മയുണ്ട്, മുത്തശ്ശനും, അച്ഛനും, അമ്മയും എല്ലാവരും ഉണ്ട്.. അതേ ഇത് എൻ്റെ കഥ …..കഥയിൽ ചോദ്യം ഇല്ലെന്ന് ആദ്യമേ പറയട്ടെ .

.. ഓർമകളുടെ ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോൾ നെൽ കറ്റകൾ കൂട്ടിയിട്ട വീട്ടുമുറ്റവും, പ്ലാവിൻ ചുവട്ടിൽ ഓല മടയുന്ന ഉമ്മയും ,ആലയിലെ മൂരികുട്ടന്മാരും പശുക്കളും, നാട്ടുമാവിൻ മരങ്ങളും, പറങ്കി മാവും ഒക്കെ മനസ്സിൽ ഒരായിരം ഓർമകൾക്ക് തിരികൊളുത്തും…
ചെറിയ ആഗ്രഹങ്ങളായിരുന്നു അന്നൊക്കെ .. പക്ഷേ അതിൽ നിന്നുംഅനുഭവിച്ച സന്തോഷങ്ങൾ വലുതായിരുന്നു. കാറ്റത്തും മഴയിലും വീഴുന്ന മുറ്റത്തെനാട്ടു മാവിലെ പഴുത്ത മാങ്ങകളും, ഓണകാലത്തു ചേച്ചിയുമൊത്തു പൂപ്പറിക്കാൻ പോവുന്നതും, ചാണകം മെഴുകിയ കളത്തിൽ പൂവിടുന്നതും , വിഷുവിന് പടക്കവും പൂത്തിരിയും കത്തിക്കുന്നതും, തിരുവാതിര രാത്രിയിലെ പൊറാട്ടു നാടകവും …ഞാൻ പെൺവേഷമായിരുന്നു കെട്ടാറ് പതിവ് .ചേച്ചി ആൺവേഷവും. അങ്ങിനെ ഞങ്ങൾ അവതരിപ്പിച്ച ‘തുമ്മനും , തേയിയും ‘ വീട്ടിലെ എല്ലാവരും വളരെ ശ്രദ്ധാപൂർവ്വം ആസ്വദിക്കാറുണ്ടായിരുന്നു.

മുത്തശ്ശിക്ക് ഞങ്ങൾ കുട്ടികളെ വലിയ ഇഷ്ടമായിരുന്നു..മുത്തശ്ശി ബ്ലൗസ് ഇടാറില്ല പകരം ഒരു മേൽമുണ്ട് കൊണ്ട് മാറ് മറക്കാറാണ് പതിവ്. മുത്തശ്ശിയുടെ കാതുകൾ ഞാന്നു കിടക്കുന്ന ഊഞ്ഞാൽ പോലെ ആയിരുന്നു .. മുത്തശ്ശി ഇടക്ക് പൈസ തന്നിട്ട് പറയും മോൻ പോയി മുത്തശ്ശിക്ക് ഒരു ‘ലെമണേട്’ വാങ്ങി വാ .. കാലങ്ങൾ ഋതുക്കൾ മാറുന്നതിന്നനുസരിച്ചു കടന്ന് പോയി. മുത്തശ്ശി മരിക്കുമ്പോൾ എനിക്ക് പത്തോ പതിനൊന്നോ വയസ്സ് കാണും..

അമ്മയുടെ അച്ഛനെ ഞങ്ങൾ മുത്തശ്ശൻ എന്നാണ് വിളിച്ചിരുന്നത്..മുത്തശ്ശനും അമ്മമ്മയും.. മുത്തശ്ശൻ ബ്രിട്ടീഷ് ഭരണകാലത്തെ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചു എന്ന് തോന്നിയ വ്യക്തി. മുത്തശ്ശനെ നാട്ടിൽ എല്ലാവർക്കും വലിയ ബഹുമാനമായിരുന്നു. മുത്തശ്ശൻ ആരെയും മോശമായി പറയുന്നത് കണ്ടിട്ടില്ല. വീട്ടിലെചിലവുകൾ മുഴുവൻ മുത്തശ്ശനായിരുന്നു നോക്കിയിരുന്നത്..ടൗണിൽ പോവുമ്പോൾ മുത്തശ്ശൻ പിൽക്കാലത്തു എന്നേയും കൂട്ടാറുണ്ടായിരുന്നു..യാത്രഎല്ലാം മുൻപേ ആലോചിച്ചുറപ്പിച്ചപോലെ ആയിരിക്കും..പലവഞ്ചന ഷോപ്പിൽ സാധനങ്ങളുടെ ലിസ്റ്റ് ഏൽപ്പിക്കും പിന്നെ സ്ഥിരം വാങ്ങുന്ന പീടികയിൽ നിന്നും കാപ്പി പൊടി, ഇന്ത്യൻ കോഫി ഹൌസിൽ കയറും എനിക്ക് ഒരു പ്ലേറ്റ് കട്ലറ്റ് & കോഫി. മുത്തശ്ശൻ ഒരു മധുരം ഇല്ലാത്ത കാപ്പിയും ഒരു ഉഴുന്ന് വടയും.

..ജീവിതചക്രം അതിന്റെ ഗതിക്ക് തിരിഞ്ഞുകൊണ്ടേയിരുന്നു..മുത്തശ്ശൻ മരിക്കുമ്പോൾ ഞാൻ പ്രീ-ഡിഗ്രിക്ക്പഠിക്കുന്നു.
ഇതായിരുന്നോ മാറ്റത്തിന്റെ തുടക്കം ? അറിയില്ല പക്ഷേ മുത്തശ്ശൻ മരിക്കുന്നതിന് മുൻപ്തന്നേ തറവാട് എൻ്റെ അമ്മയുടെ പേരിൽ എഴുതി വച്ചിരുന്നു. തറവാട്ടിൽ ഞാൻ, ചേച്ചി, അനിയൻ , അമ്മമ്മ , അമ്മ, അച്ഛൻ ..കാലം എഴുപതുകൾ .. അറേബ്യൻ മണലാരണ്യങ്ങൾ മലയാളികളുടെ കാൽ പാദങ്ങളെ തഴുകിയ കാലഘട്ടം.
..കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നു തുടങ്ങി…റേഡിയോ പ്രസരണം ടെലിവിഷൻ സംപ്രക്ഷേപണത്തിന് മെല്ലെ വഴി മാറി തുടങ്ങി..

ട്രൗസറിൽ നിന്നും പാന്റിലേക്കുള്ള മാറ്റം .. ബാല്യം കൗമാരത്തിനു വഴിമാറി … കാലം എൺപതുകൾ…ബിരുദ പഠനം …ജീവിതത്തിൽ ആദ്യമായി മനഃസ്സറിഞ്ഞു പഠിച്ച മൂന്ന് വർഷങ്ങൾ…ചേച്ചിയുടെ കല്യാണം. കുടുംബത്തിൽ ജേഷ്ഠൻ വന്നു..വിജയേട്ടൻ .. അച്ഛന്റെ റിട്ടയർമെൻറ്‌..
..ലക്ഷ്യമില്ലാത്ത ദിനങ്ങൾ ..ബോംബെയിലേക്ക് ചെറിയ ഒരു പറിച്ചു നടൽ .. ഭാഷ പഠിക്കാൻ പെട്ട കഷ്ട പ്പാടുകൾ..ബിരുദധാരിആയി.ഒരു പക്ഷേ അച്ഛനും അമ്മയും എൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ആദ്യമായി മനസ്സിൽ സന്തോഷിച്ചു കാണും..

വിസ എന്ന മാസ്മര വസ്തു കയ്യിൽ തന്നത് വിജയേട്ടൻ ആണ്.. അതിൽ സ്‌പോൺസറുടെ പേര് ഇംഗ്ലീഷിൽ എഴുതിയത് വായിച്ചു .. ഗാനിം സലേഹ് ഹബ്ബാഷ്.
ജീവിതം എന്നത് ഒരു പടുകൂറ്റൻ കൊടുമുടിയുടെ മുകളിലേക്കുള്ള പടികളാണ് എന്ന തോന്നലുണ്ടാക്കിയ ദിനങ്ങൾ. മരുഭൂമിയിലെ ഊഷര ദിനങ്ങൾ, സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറിയ സുഹൃത് ബന്ധം… ജീവിതനൗക സ്വയം തുഴഞ്ഞുതുടങ്ങിയ നാളുകൾ …പടികൾ ഒന്നൊന്നായി പതിയേ കയറി തുടങ്ങി.. ഇടയിൽ അമ്മമ്മയുടെ മരണവാർത്ത അറിഞ്ഞു …സാഹചര്യങ്ങൾ അനുവദിക്കാഞ്ഞതിനാൽ നാട്ടിൽ വന്ന് ആ മുഖം അവസാനമായി കാണാൻ പറ്റിയില്ല. പക്ഷേ അമ്മമ്മയുടെ സ്നേഹമുള്ള വാക്കുകൾ ഇന്നും ചില അവസരത്തിൽ കാതിൽ മന്ത്രിക്കും “നീ എന്താ ഇങ്ങിനെ ഇരിക്കുന്നത് ? പോയി അമ്മമ്മയുടെ മരുന്നൊക്കെ വാങ്ങിവാ .. കൂട്ടത്തിൽ അമ്മമ്മയുടെ വക 25 രൂപക്ക് നിന്റെ സ്കൂട്ടറിൽ  പെട്രോളും അടിച്ചോ”..സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ ..
..വിജയ ഗാഥ കൾക്കിടയിലും ജീവിതത്തിലെ നഷ്ടബോധങ്ങളെ കുറിച്ചോർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞുപോവും ..
കാലചക്രം ഉരുണ്ടുകൊണ്ടേയിരുന്നു …അപരിചിതമായ നാടുകളിലേക്കുള്ള യാത്രകൾ, വ്യത്യസ്‌ത സംസ്കാരങ്ങൾ, പുത്തൻ ചങ്ങാത്തങ്ങൾ, വ്യത്യസ്‌ത മതസ്ഥർ, വേറിട്ട സംഭാഷണ രീതി, വ്യത്യസ്‌ത രുചി കൂട്ടുകൾ, ശീലങ്ങളിലെ മാറ്റങ്ങൾ, ദുഃശീലങ്ങൾ …. മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മനസ്സിനേൽപ്പിച്ച മുറിവുകൾ .. അസുഖങ്ങൾ.. ഇവക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ .
…..പതിവ് തെറ്റാതെ പ്രകൃതി തൻ്റെ ജോലി തുടർന്ന് കൊണ്ടിരുന്നു ..പരിഷ്കാരങ്ങൾ സംസ്കാരത്തെ മുറിവേറ്റി കൊണ്ടിരുന്നു ..നാട്ടിൻ പുറങ്ങൾ നഗര തുല്യം വളർന്നു … നാടുവഴികൾ വീതികൂടിയ റോഡുകളായി,സ്നേഹബന്ധങ്ങൾ ശിഥിലപ്പെടാൻ തുടങ്ങി … സർവത്ര മാറ്റങ്ങൾ ..
ഇത്‌ വരെ എഴുതി യതിൽ 2 മഹത് വ്യക്തി കളെ കുറിച്ച് ഞാനൊന്നും പറഞ്ഞില്ല അല്ലേ? എനിക്ക് ജന്മം തന്ന എന്റെ അമ്മ പിന്നെ അച്ഛൻ.. ഇവർ ഞാൻ തന്നെ അല്ലേ.. ഇവരുടെ ആത്മാവിന്റ അംശങ്ങളല്ലേ എന്നിലുള്ളത്? ഒരു പക്ഷെ അവരായിരിക്കും എന്നെകൊണ്ട് ഈ ബ്ലോഗ് എഴുതിപ്പിക്കുന്നത് തന്നെ .. മൂന്നു മക്കളെ വളർത്തി വലുതാക്കാൻ അവരെടുത്ത പ്രയാസങ്ങൾ അവരൊക്കെ ജീവിച്ചിരുന്നപ്പോൾ മനസ്സിലായിരുന്നില്ല. പക്ഷെ ഇന്ന് ഞാനും ഒരു കുടുംബ നാഥനായപ്പോഴാണ് അച്ഛന്റെ യും അമ്മയുടെയും മാനസിക അവസ്ഥ അനുഭവിച്ചറിയുന്നത്..ജീവിത യവനികയിൽ മാഞ്ഞു പോയ എനിക്ക് ജന്മം തന്ന എന്റെ പിതൃ ആത്‌മാക്കൾക്ക്.എന്റെ പൂർവീകർക്ക് എന്റെ അശ്രു പ്രണാമം.

പ്രവാസത്തിന്റെ നീരാളി പിടുത്തത്തിൽ നിൽക്കുമ്പോഴും ഒരു പിൻവിളിക്കായി മനസ്സ് കാതോർത്തു ..ഒരു മടക്കത്തിനായി, ബാല്യവും കൗമാരവും കടന്നുപോയ കല്പടവുകളിൽ ഒരു വട്ടം കൂടി സായാഹ്ന സൂര്യന്റെ തലോടലേറ്റ് നടക്കാൻ .. . അതേ… കാലം ഞാനറിയാതെ എന്നിലും മാറ്റങ്ങൾ വരുത്താൻ തുടങ്ങി. അല്ലെങ്കിൽ എനിക്ക് മാറ്റി ചിന്തിക്കാൻ ആവുമായിരുന്നല്ലോ …ഈ കഥ ഇവിടെ നിർത്തട്ടെ ..